Friday, December 25, 2009

നീ തൂങ്ങെടാ..................................

നീ തൂങ്ങെടാ..................................
ഒരിക്കല്‍ ഞാന്‍ അമ്പലവയല്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ പോകാനായി കൊളഗപ്പാറ ബസ്റ്റോപ്പില്‍ നില്‌ക്കുകയായിക്കുന്നു.സമയം വൈകിയതുകൊണ്ട്‌ ആകെ വെപ്രാളപ്പെട്ടാണ്‌ ഞാനവിടെ നിന്നിരുന്നത്‌.പെട്ടന്നു വന്നു നിര്‍ത്തിയ ജീപ്പില്‍ ഓടിക്കയറിയതുകൊണ്ട്‌ കഷ്ടിച്ച്‌ ഇരിക്കാന്‍ ഒരു സീറ്റുകിട്ടി.ബാക്കിവന്ന മൂന്നു പുരുഷന്മാര്‍ പുറകില്‍ തൂങ്ങി. ഏറെ ഞെരുങ്ങിയാണേലും ഇരിക്കാനൊത്തല്ലോ എന്നാശ്വാസത്തിലായിരുന്നു ഞാന്‍.ജീപ്പ്‌ മുന്നോട്ടു നീങ്ങി തൊട്ടടുത്ത സ്‌റ്റോപ്പില്‍ നിന്നും കാഴ്‌ചയില്‍ അമ്മയും മകളും എന്നു തോന്നിക്കുന്ന ഒരു സ്‌ത്രീയും പന്ത്രണ്ടോളം വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ജീപ്പിനു കൈ നീട്ടി. ഇവരെവിടിരിക്കാനാ............. ഞാന്‍ മനസിലോര്‍ത്തു. അപ്പോഴേക്കും ജീപ്പു നിന്നു.ഡ്രൈവര്‍ തിരിഞ്ഞ്‌ എന്നെ നോക്കിക്കൊണ്ടും കിളി എന്റെ തോളില്‍ പിടിച്ചുകൊണ്ടും കോറസുപോലെ പറഞ്ഞു "നീ തൂങ്ങെടാ............ " ആലോചിക്കാനോ തര്‍ക്കിക്കാനോ എനിക്കു സമയം കിട്ടിയില്ല.യാന്ത്രികമായ അത്ഭുതത്തോടും കൗതുകത്തോടും ഞാന്‍ പെട്ടെന്നെഴുന്നറ്റ്‌ പുറത്തിറങ്ങി ആ സ്‌ത്രീയും പെണ്‍കുട്ടിയും എന്റെ സീറ്റിലിരുന്നു.ഡോറടച്ചു .ഞാന്‍ കൗതുകത്തോടെ കമ്പിയില്‍ അള്ളിപ്പിടിച്ചു. തെല്ലൊരു ഭയം തുടക്കത്തില്‍ അനുഭവപ്പെട്ടങ്കിലും പിന്നീട്‌ ഞാനതു മായി പൊരുത്തപ്പെട്ടു. അമ്പലവയല്‍ വരെ (ഏകദേശം നാലു കിലോമീറ്റര്‍) ഞാന്‍ ആ യാത്ര ആസ്വദിച്ചു.അത്തരത്തിലുള്ള യാത്രകള്‍ ഇന്നെനിക്ക്‌ യാതൊരപരിചിത്തവും തോന്നിക്കാത്തതായി തീര്‍ന്നിരിക്കുന്നു.

Wednesday, December 16, 2009

നമ്മുക്കു ചെറുക്കണ്ടേ............... ?

നമ്മുക്കു ചെറുക്കണ്ടേ............... ?

ഇന്നലെ വൈകുന്നേരം ഞാന്‍ എന്റെ സുഹൃത്തിന്റെ ഓഫീസില്‍ ഇരിക്കുകയായിരുന്നു. (ഇരുനിലകെട്ടിടത്തിന്റെ രണ്ടാം നിലയില്‍) ഓഫീസിനു മുന്നിലൂടെ പോകുന്ന NH 212 ലൂടെ ഒരു പറ്റം പുരുഷന്മാരായ ചെറുപ്പക്കാര്‍ ആകാശത്തേക്ക്‌ കൈമുഷ്ടി ചുരുട്ടിക്കൊണ്ട്‌ നെഞ്ചു വിരിച്ച്‌ ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ കുത്തിക്കീറും കട്ടായം...... , ...... ചെറ്റേ , തെണ്ടീ.....,.................. കൈയ്യും കാലും തല്ലിയൊടിക്കും, അമ്മേക്കണ്ടു മരിക്കില്ല.... ..... തുടങ്ങിയ തെറി വാക്കുകളും പോര്‍ വിളികളുമായി നടന്നു നീങ്ങുന്നത്‌ എന്നെ വല്ലാതെ അസ്വസ്ഥയാക്കി.വളരെ പരിചിതമായ സംഭവമായിട്ടും പ്രത്യേകിച്ച്‌ തിരക്കൊന്നുമില്ലാത്ത മാനസീകാവസ്ഥയിലായതുകൊണ്ട്‌ ആചെറുപ്പക്കാര്‍ പിന്നിടുന്ന റോഡിനിരുവശം ഫുട്‌പാത്തിലും കടകളിലുമൊക്കെയായി കണ്ട ആളുകളുടെ മുഖഭാവം ഞാനൊന്ന്‌ ശ്രദ്ധിച്ചുപോയി.വെട്ടുപോത്തിനു മുന്നിലകപ്പെട്ടുപോയ നിസ്സഹായാവസ്ഥയായിരുന്നു പ്രായഭേദമന്യേ എല്ലാവരിലും.ഒരു നിമിഷമായാലും ഓരോരുത്തരിലും മരണഭയം ജനിപ്പിച്ചുകൊണ്ടുള്ള ഈ പോര്‍വിളി നിരോധിക്കേണ്ടതു തന്നെയല്ലേ................... ?പ്രതിഷേധിക്കുവാനും, സമരം ചെയ്യുവാനുമുള്ള അവകാശം ഇതിലൊന്നുംപെടാത്ത നിരപരാധികളെ പേടിപ്പിക്കുവാനും സ്ഥലകാലഭേദമന്യേ ആഭാസങ്ങള്‍ പുലമ്പാനുമായി ഉപയോഗിക്കുന്നതെങ്കിലും നമ്മുക്കു ചെറുക്കണ്ടേ......................?

മറുപടി

മറുപടി

ഈയിടെ ദൂരദര്‍ശനില്‍ വന്ന കൂട്ടുകാരി എന്ന തത്സമയ പരിപാടിയിക്കിടെ ഞാന്‍ നല്‌കിയ മറുപടിയില്‍ ക്ഷുഭിതനായി ഒരു പുരുഷന്‍ എന്നെ വല്ലാതെ അധിക്ഷേപിച്ചു.അയാശുടെ ക്ഷോഭത്തിനാധാരമായ വിഷയം ഞാന്‍ വിശദീകരിക്കാം. എന്റെ മകള്‍ക്ക്‌ 12 വയസ്സുള്ളപ്പോള്‍ അവള്‍ എന്നോടൊരു സംഭവം വിവരിച്ചു.അവളുടെ ഒരു കൂട്ടുകാരി പറഞ്ഞ കഥയാണ്‌.കഥയും അവളുടെ ആശങ്കയും എന്റെ മറുപടിയും ഞാനിനിടെ വിവരിക്കാം. എന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കില്‍ എന്തു മറുപടി കൊടുക്കും എന്നതു കൂടി എഴുതണേ.....

"അമ്മേ എന്റെ കൂട്ടുകാരി പറയാ അവളുടെ അമ്മയുടെ നാട്ടില്‌ ഞങ്ങടെ അത്ര പ്രായമുള്ള ഒരു കുട്ടിയെ ഒരു മാമന്‍ കത്തികൊണ്ട്‌ കുത്തി കൊന്നൂത്രെ.ഒരീസം സന്ധ്യക്ക്‌ ആളൊഴിഞ്ഞ ഒരു വഴിയിലൂടെ അവള്‍ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ഒരു തോട്ടത്തിനു നടുവിന്‍ വെച്ച്‌ കൈയ്യില്‍ കത്തിയുമായി ഒരു മാമന്‍ തടഞ്ഞുനിര്‍ത്തി അയാള്‍ അവളോട്‌ അയാള്‍ പറയുന്നതുപോലെ ചെയ്യാന്‍ പറഞ്ഞു .അതുകേള്‍ക്കാത്ത അവളെ അയാള്‍ കുത്തി കൊന്നു പോലും." "അമ്മേ ഞാനങ്ങനെ ഒറ്റപ്പെട്ടു പോയാല്‍ ഇങ്ങനെ കത്തീം കാട്ടി ഒരാള്‍ നിന്നാല്‍ ഞാനെന്താ ചെയ്യേണ്ടത്‌?

ഉത്തരം :- മോളേ ഈ ലോകത്ത്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ നമ്മുടെ ജീവന്‍ തന്നെയാണ്‌.അങ്ങനത്തെ ഒരവസരം വന്നാല്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന്‌ ബോധ്യമായാല്‍ അയാള്‍ എന്തു പറയുന്നവോ അതുപോലങ്ങ്‌ അനുസരിക്കണം എന്നിട്ട്‌ വീട്ടില്‍ വന്ന അമ്മയോട്‌ പറയണം.ഒരിക്കലും അമ്മ മോളെ കുറ്റപ്പെടുത്തില്ല.പക്ഷേ നിര്‍ബന്ധമായും പറഞ്ഞിരിക്കണം.

"അല്ലമ്മേ അങ്ങനൊക്കായാല്‌ പെണ്ണുങ്ങക്കല്ലേ ഗര്‍ഭണ്ടാവ്വാ. അങ്ങനെ ഗര്‍ഭായാലോ....?"ഉത്തരം :- ആ അയ്‌ക്കോട്ടെ. മെഡിക്കല്‍ഷോപ്പില്‍ ഗുളിക കിട്ടും.അത്‌ കഴിച്ചാല്‍ അതൊക്കെയങ്ങ്‌ പോകും. ടെറ്റോളിട്ട്‌ അമ്മ നന്നായി മോളെയങ്ങ്‌ കുളിപ്പിക്കും.ഇതൊന്നും അത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ലമോളേ ഈ മറുപടി ഒത്തിരിപ്പേരെ അസ്വസ്ഥരാക്കി. പക്ഷേ എന്റെ മറുചോദ്യത്തിന്‌ സംതൃപ്‌തമായ ഒരു മറു പടി തരാന്‍ അവര്‍ക്കായില്ല. ആ മറുപടി നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നു.

Thursday, November 5, 2009

തിണ്ണമിടുക്ക്‌

തിണ്ണമിടുക്ക്‌

ഒരിക്കല്‍ വനിതാസെല്ലില്‍ ഒരു കുടുംബ വഴക്കിന്റെ ഒത്തുതീര്‍പ്പു നടക്കുകയായിരുന്നു.ഭാര്യയും ഭര്‍ത്താവും വേറെ വീടുവെച്ചുമാറിതാമസിക്കട്ടെ എന്ന സി.ഐ സാറിന്റെ നിബന്ധന ഇരു വീട്ടുകാരും അംഗീകരിച്ചു.ഉടനെ ഭര്‍ത്താവിന്റെ അച്ഛന്‍ അടുത്ത പ്രശ്‌നത്തിനു തിരികൊളുത്തി. "സാറേ അവന്‌ അവന്റെ പേരില്‍ തന്നെ ഞാന്‍ കൊടുത്ത വീടിനോട്‌ ചേര്‍ന്ന പത്ത്‌ സെന്റെ്‌ പറമ്പുണ്ട്‌ അവന്‌ അവടത്തന്നെ പെര വെക്കാലോ" അയാള്‍ അതു പറഞ്ഞ്‌ മുഴുമിച്ചില്ല അവള്‍ ഇടക്കു കയറി പറഞ്ഞു "വേണ്ട സാറെ അതു വേണ്ട....അതെന്തായാലും ശരിയാകില്ല.എന്റെ ഷെയറില്‍ പെരവെക്കണം അല്ലെങ്കില്‍ പെരക്കുള്ള സ്ഥലം വേറെ വാങ്ങണം.എന്തായാലും ഇവരെ നാട്ടിലേക്ക്‌ ഞാനില്ല സാറേ............ ""അതെന്താ........................ "സി.ഐ സാര്‍ അവരോടായി ചോദിച്ചു." ഇവരീകാണുംപോലൊന്നുമല്ല സാറേ.അവടെത്തിയാല്‍ ഇവരൊക്കെ മാറും സാറേ...... ""ആണോടോ" സി.ഐ സാര്‍ അയാളെ നോക്കി."ഇല്ല സാറേ ഇനി എന്റെ ഭാഗത്തുനിന്നൊരു പ്രശ്‌നവുമുണ്ടാകില്ല "അയാള്‍ തികച്ചും ശാന്തനായി പറഞ്ഞു."വേണ്ട സാറേ അവടെത്തിയാല്‍ ഇയാള്‌ മാറും ............. സ്വന്തം വീടും വീട്ടുകാരും നാടും നാ്‌ടുകാരും അടുത്തുള്ളപ്പം തിണ്ണമിടുക്ക്‌ കാട്ടാലോ...?ഒന്നുകില്‍ എന്റെ വീടിനടുത്ത്‌ അല്ലെങ്കില്‍ രണ്ടു പേരുടെ ഷെയറും വിറ്റ്‌ വേറൊരു സ്ഥലത്ത്‌.അതു മതി സാറേ.......... അവള്‍ കൃത്യമായ്‌ നിബന്ധന വെച്ചു.തര്‍ക്കം പിന്നേയും തുടര്‍ന്നു. ബാക്കി ഭാഗം കേള്‍ക്കാനെനിക്കായില്ല അപ്പോഴേക്കും മറ്റെന്തോ ഡ്യൂട്ടിക്കായി എനിക്കവിടെ നിന്നും പോകേണ്ടി വന്നു.

Wednesday, October 7, 2009

ഇച്ഛാശക്തി

ഇച്ഛാശക്തി
ഒരിക്കല്‍ ക്ഷീണിതയായ ഒരു സ്‌ത്രീ എന്നോടു ചോദിച്ചു." കായികമായി ഒരിക്കലും സ്‌ത്രീക്ക്‌ പുരുഷനെ പിന്നിലാക്കാന്‍ സാധിക്കില്ല.അതുകൊണ്ടുതന്നെ ഈ അടിമത്തം അനുഭവിക്കുകയല്ലാതെ സ്‌ത്രീക്ക്‌ എന്താണൊരു നിവൃത്തി ".എന്നോടതു ചോദിക്കുമ്പോള്‍ അവരുടെ മുഖത്തെ തീഷ്‌ണഭാവം എന്നെ അത്ഭുതപ്പെടുത്തി.ഞാന്‍ അവരോടായ്‌ ഇപ്രകാരം സംസാരിച്ചു." കായിക ശക്തിയാണോ അടിമത്തം നിര്‍ണ്ണയിക്കുന്നത്‌? അങ്ങനെയെങ്കില്‍ ആനയല്ലേ കാടുഭരിക്കേണ്ടത്‌.മനുഷ്യരിലാണെങ്കില്‍ ബോഡിബ്യുല്‍ഡേഴ്‌സ്‌ അല്ലേ അതുചെയ്യേണ്ടത്‌.കരുത്തനായ കുടിയാനെ മെലിഞ്ഞുണങ്ങിയ ജന്മി ഭരിച്ചത്‌ കായികബലംകൊണ്ടാണോ...?മനുഷ്യര്‍ക്കുവേണ്ടത്‌ പട്ടിയുടെ ഇച്ഛാശക്തിയാണ്‌.നമ്മുക്ക്‌ നേരെ കുതിച്ചു വരുന്ന പട്ടിയെ കാണുമ്പോള്‍ ജീവനും കൊണ്ട്‌ നാം ഓടുകയോ അതിന്റെ അധികാരപരിധിയില്‍ നിന്നും മാറി നില്‌ക്കുകയോ ചെയ്യും.കേവലം പത്തോ പതിനഞ്ചോ കിലോ തൂക്കം വരുന്ന പട്ടി അമ്പത്‌ കിലോവിലേറെ ഭാരം വരുന്ന നമ്മളെ ഓടിക്കുന്നത്‌ കായികശക്തികൊണ്ടല്ല മറിച്ച്‌ അതിന്റെ ഇച്ഛാ ശക്തികൊണ്ടാണ്‌.ഇല്ലാത്തതിനെക്കുറിച്ച്‌ കേഴാതെ ഉള്ളതുപയോഗിക്കനും അതിലഭിമാനിക്കാനുമല്ലേ നാം പഠിക്കേണ്ടത്‌ ?

Thursday, October 1, 2009

നിയോഗം

നിയോഗം

2009 -ലെ ജില്ലാ പോലീസ്‌ സ്‌പോട്‌സ്‌ മീറ്റിനോടനുബന്ധിച്ച്‌ നിയമാനുസൃതം ഗ്രൗണ്ടില്‍ അണിനിരന്നതായിരുന്നു ഞാനും.മൂന്നു വിഭാഗങ്ങളായാണ്‌ മത്സരം.ഓരോ ടീമിനും ഓരോ ക്യാപ്‌റ്റന്‍മാര്‍ വേണം.ആമ്‌ഡ്‌ റിസേര്‍വ്വ്‌ വിഭാഗത്തിന്റെ ക്യാപ്‌റ്റന്‍ ഞാന്‍ അണിചേര്‍ന്ന ടീമിനടുത്തെത്തി പതാകയുമായി നിന്നു.ആരും പതാക വാങ്ങിയില്ല.അല്ലെങ്കില്‍ പതാക വാങ്ങാന്‍ ആര്‍ക്കാണ്‌ അര്‍ഹത എന്ന്‌ എല്ലാവരും ഒരു നിമിഷം അങ്കലാപ്പിലായി.എനിക്ക്‌ ആ ബോധം പോലും ഉണ്ടായില്ല .കാരണം വനിതാ പോലീസുകാര്‍ക്ക്‌ അതിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ലല്ലോ. പെട്ടന്നാണ്‌ ആമ്‌ഡ്‌ സബ്ബ്‌ ഇന്‍സ്‌പെക്ടര്‍ ജോര്‍ജൂട്ടിസാര്‍ പതാകയുമായി നില്‍ക്കുന്ന പോലീസുകാരനോടായി പതാക വിനയയുടെ കൈയ്യില്‍ കൊടുക്ക്‌ എന്നു പറഞ്ഞത്‌. ഞാനുടനെ തിരിഞ്ഞ്‌ അണിനിരന്ന പോലീസുകാരെ ശ്രദ്ധിച്ചു. ആകെ ടീമിലെ സ്‌റ്റേറ്റ്‌ താരം ഞാന്‍ മാത്രമായിരുന്നു.അഭിമാനത്തോടെ ഞാന്‍ ആ പതാക ഏറ്റു വാങ്ങി.എനിക്കു വന്നു ചേര്‍ന്ന ആ ചുമതല എന്നില്‍ തന്നെ നിലനിര്‍ത്തും എന്നു വിശ്വസിക്കാന്‍ എനിക്ക്‌ സ്‌പോട്‌സു ദിവസം മാര്‍ച്ചു പാസ്റ്റിന്റെ സമയം വരെ കാത്തിരിക്കേണ്ടി വന്നു.ഏതു നിമിഷവും ആ പതാക ഒരു പോലീസു കാരനിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ മുന്‍ അനുഭവങ്ങളിലെ പാഠങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചു.ഏഴു വര്‍ഷം മുമ്പ്‌ അതേഗ്രൗണ്ടില്‍ വെച്ചു തന്നെയായിരുന്നു തലേ ദിവസം വരെ മാര്‍ച്ചുപാസ്റ്റ്‌ പരിശീലനം നടത്തിയ എന്നെ അന്ന്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍(ഇന്ന്‌ ഡി.വൈ.എസ്‌.പി)ആയിരുന്ന ദിവാകരന്‍ സാര്‍ വിനയ മാറിനില്‌ക്ക്‌ പെണ്ണുങ്ങളൊന്നും മാര്‍ച്ചുപാസ്റ്റിനു വേണ്ട എന്നു പറഞ്ഞധിക്ഷേപിച്ച്‌ ഒരു വലിയ ഗ്രൂപ്പില്‍ നിന്നും ഓടിച്ചത്‌.അന്ന്‌ നാണംകെട്ട്‌ ഡിസിപ്ലിന്‍ എന്ന കുന്തമുനയില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുത്ത്‌ വിജയിച്ച്‌ സ്റ്റേറ്റ്‌ മീറ്റിലേക്ക്‌ സെലക്ഷന്‍ കിട്ടി ആ വര്‍ഷത്തെ സ്റ്റേറ്റ്‌ പോലീസ്‌ മീറ്റില്‍ (കണ്ണൂരില്‍ വെച്ച്‌)പങ്കെടുത്തതും.വയനാട്ടില്‍ വെച്ചേ ഏറ്റ മുറിവുമായാണ്‌ കണ്ണൂരിലും എത്തിയത്‌.അവിടെവച്ചും പെണ്ണുങ്ങള്‍ മാര്‍ച്ചുപാസ്റ്റിനുവേണ്ട എന്ന്‌ അല്‌പനായ ടീമിന്റെ മാര്‍ഷല്‍ കല്‌പിച്ചു.എന്തുകൊണ്ട്‌ എന്ന എന്റെ ചോദ്യം അന്നവിടെ അമ്പരപ്പുണ്ടാക്കി."യൂണിഫോം വെള്ള പാന്റെും നീല സ്ലീവലെസ്‌ ബനിയനുമാണ്‌.നിങ്ങള്‍ക്കതിടാന്‍ പറ്റുമോ ?. അയാളുടെ ധാര്‍ഷ്ട്യം നിറഞ്ഞ ചോദ്യത്തിന്‌ ഞാനും അതേ ധാര്‍ഷ്ട്യത്താല്‍ മറുപടി കൊടുത്തു. " ധരിക്കാം സാര്‍ പിന്നെ ബ്രാ കണ്ടു എന്നു പറഞ്ഞ്‌ നിങ്ങള്‌ പ്രശ്‌നമുണ്ടാക്കാഞ്ഞാല്‍ മതി""നിങ്ങള്‍ എത്ര പേരുണ്ടാകും" ? അയാള്‍ എന്നെ തോല്‍പ്പിക്കാനെന്ന വണ്ണം ചോദിച്ചു."ഞങ്ങള്‍ മൂന്നു പേര്‍" ഞാനുത്തരം പറഞ്ഞു. ഏറെ നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഞങ്ങളെ മാര്‍ച്ചു പാസ്റ്റില്‍ നില്‌ക്കാന്‍ അനുവദിച്ചു. തുടര്‍ന്ന്‌ എല്ലാം പ്രശ്‌നങ്ങളായി .വനിതാപോലീസുകാരുടെ പോയിംന്റെിനും ഏമാന്മാര്‍ അയിത്തം കല്‌പിച്ചു.വനിതാപോലീസുകാരുടെ പോയിംന്റെുകള്‍ പരിഗണിക്കാതെ ട്രോഫികള്‍ വിതരണം ചെയ്‌തു.ആ ട്രോഫി അസാധുവാക്കണമെന്നുപറഞ്ഞ്‌ ഞാന്‍ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ചെയ്‌തെങ്കിലും അതിന്റെ പ്രായോഗികബുദ്ധിമുട്ടുകള്‍ നിരത്തിയ കോടതി പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റെ്‌ വനിതാപോലീസുകാരോട്‌ അനീതിചെയ്‌തിട്ടുണ്ടെന്നും, വരും വര്‍ഷങ്ങളില്‍ വനിതാപോലീസുകാരുടെ പോയിംന്റെുകൂടി പരിഗണിക്കണമെന്ന്‌ ഉത്തരവിടുകയും ചെയ്‌തു.കേവലം ഒരാള്‍ ചോദ്യം ചെയ്‌തതുകൊണ്ടുമാത്രമാണ്‌ മുപ്പതു വര്‍ഷത്തിലധികമായി പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റെ്‌ തുടര്‍ന്നുവന്നൊരു വിഡ്ഡിത്തം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്‌.അതിന്റെ പേരില്‍ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റെില്‍ നിന്നും എന്നെ പിരിച്ചു വിട്ടവര്‍ തന്നെ ഇന്ന്‌ ഒരു ടീമിന്റെ അമരക്കാരിയാകാനും എന്നോട്‌ ഉത്തരവിട്ടത്‌ വിധിയുടെ നിയോഗം തന്നെ ആയിരിക്കാം.

Wednesday, September 23, 2009

എല്ലാവരും നല്ലവരാണ്‌

എല്ലാവരും നല്ലവരാണ്‌

എല്ലാവരും നല്ലവരാണ്‌

നിഷ്‌കളങ്കരാണ്‌പിടിക്കപ്പെടുംവരെ.